2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

വർഗീയത(?)

കമ്മി: വർഗീയത തുലയട്ടെ!
മൃഗം: ആരോടാ?
കമ്മി: മനുഷ്യരോട്
മൃഗം: മനുഷ്യരോ?
കമ്മി: ബുദ്ധിയുള്ളവർ എന്ന് അഹങ്കരിക്കുന്നവരുടെ വർഗ്ഗം!
മൃഗം: ആ ബെസ്റ്റ്!!!

2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

2019, ജൂൺ 7, വെള്ളിയാഴ്‌ച

സംവാദം - സൂര്യൻ ഉണ്ടോ ഇല്ലയോ?

മുഴുവൻ ഭൂമിയെയും സോളാർ പാനൽ കൊണ്ടു മൂടി അതിൽ നിന്നും ഊർജ്ജം ശേഖരിച്ച് സ്വയം (നിർമിത ബുദ്ധി) നിയന്ത്രിത കാലാവസ്ഥ / പരിസ്ഥിതി ക്രമീകരണ സംവിധാനങ്ങളെയും പൂർണമായും യന്ത്രവത്കൃത സമയം / കാലം നിർണയിക്കുന്ന ഘടികാരം / കലണ്ടർ സംവിധാനങ്ങളേയും ആശ്രയിച്ച് അനേകം തലമുറകൾ പിന്നിട്ട ഒരു ഭാവി സമൂഹത്തിൽ നടക്കുന്ന യുക്തിവാദി സങ്കികൾ സംഘടിപ്പിക്കുന്ന ഒരു സംവാദത്തിന്റെ പുനരാവിഷ്കരണം.

[ ഇങ്ങനെയൊരു ആവിഷ്കരണത്തിന്റെ പ്രസക്തി: ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന "ദൈവം ഉണ്ടോ ഇല്ലയോ?" എന്ന ചോദ്യവുമായി ബന്ധപ്പെട്ട യുക്തിവാദി സങ്കികൾ സംഘടിപ്പിക്കുന്ന സംവാദങ്ങളുമായി ഒരു താരതമ്മ്യ പഠനത്തിനുവേണ്ടി. ]

രണ്ട് സംവാദങ്ങളുടെയും വാദങ്ങളെ താരതമ്മ്യം ചെയ്യുമ്പോൾ:
രണ്ട് വശത്തുള്ളവരും ആശ്രയിക്കുന്നത് ആ സമയത്തു നേരിട്ട് പരീക്ഷിച്ച് കണ്ടെത്താനോ മനസ്സിലാക്കാനോ സാധിക്കാത്ത തത്വങ്ങളെയാണ്.
ഉദാഹരണം: 
ഇന്ന് ആരും സൂര്യന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നില്ല! കാരണം അതിനെക്കുറിച്ചു (നേരിട്ട് ബോധ്യമുള്ളത് കൊണ്ട്) ആർക്കും സംശയം ഇല്ലല്ലോ. അത്കൊണ്ട് വാദങ്ങളും ഇല്ല.
"ദൈവം ഉണ്ടോ ഇല്ലയോ?" എന്ന കഴമ്പില്ലാത്ത ചോദ്യം തന്നെ ഇല്ലാത്ത ഒന്നിനെ കുറിച്ചുള്ളതാണെന്നുള്ളത് യുക്തിവാദിസങ്കികൾക്ക് പൂർണ ബോധ്യമുണ്ടായിട്ടും എന്തിനാണ് വാദിച്ചു നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഉണ്ടോ എന്ന സംശയം ആണ് ഉള്ളതെങ്കിൽ ഒരു അന്വേഷണ ഉദ്ദേശ്യം ആണ് അതിനു പിന്നിലെന്ന് കരുതാമായിരുന്നു. പക്ഷെ യുക്തിവാദിസങ്കികൾക്ക് 'ദൈവം' ത്തിന്റെ അസ്തിത്വമില്ലായ്മയെ കുറിച്ച് യാതൊരു സംശയവും ഇല്ലാത്ത സ്ഥിതിക്ക് തങ്ങളുടെ കാഴ്ചപ്പാട് തന്നെ (അതെന്തായാലും) മറ്റുള്ളവരിലും അടിച്ചേല്പിക്കുക മാത്രമാണ് ഉദ്ദേശ്യം. അവർ അവകാശപ്പെടുന്നത് പോലെ "ബോധവൽക്കരണം" എന്നതും ഒരു വളച്ചൊടിച്ച അടിച്ചേല്പിക്കൽ (ബ്രെയിൻ വാഷിംഗ്) ആണല്ലോ. യുക്തിവാദി സങ്കികളുടെ ഈ ഒരു മനോഭാവം ഒരു (Free Thinking) സ്വതന്ത്ര ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നുമില്ല.
യുക്തിവാദിസങ്കികൾ സംഘടിപ്പിക്കാറുള്ള സംവാദങ്ങളിൽ പൊതുവെ പ്രകടിപ്പിക്കാറുള്ള പുച്ഛ-ആക്ഷേപ മനോഭാവവും പ്രതിപക്ഷ ബഹുമാനമില്ലായ്മയുമൊക്കെ ഇതിനുദ്ധാഹരണമാണ്.
യുക്തിയിലൂടെ യാഥാർഥ്യത്തോട് അടുത്തടുത്ത് വരുക എന്നല്ലാതെ അവിടെ ഒരിക്കലും എത്തുന്നില്ല. യാഥാർഥ്യത്തെക്കുറിച്ചുള്ള അപൂർണമായ അറിവ് മാത്രമാണല്ലോ പരിമിതമായ സംവേദന ശേഷിയുപയോഗിച്ച് നേടാനാവുന്നത്. ഈ ഒരു മനോഭാവമാണുള്ളതെങ്കിൽ ഒരു അന്വേഷിക്ക് (മറ്റൊരുദ്ദേശ്യവുമില്ലെങ്കിൽ) ഒരു വാദിയുടെ വേഷം അണിയേണ്ടി വരുന്നില്ല. അന്വേഷി എപ്പോഴും ഒരു തുറന്ന മനോഭാവത്തോടുകൂടിയാണ് ഏതൊരു പ്രസ്താവനയെയും സമീപിക്കുക. എവിടെയും ഒരു കടുംപിടുത്തതിന്റെ ആവശ്യം വരുന്നില്ല, അതുകൊണ്ടു തന്നെ യാതാരു വാദവും ഉന്നയിക്കേണ്ടി വരുന്നില്ല. ചോദ്യമുന്നയിക്കുന്നതു പോലെയല്ലല്ലോ വാദമുന്നയിക്കുന്നത്.

അധ്വാനത്തിന്റെ മൂല്യം നിർണ്ണയിക്കുന്നതെങ്ങനെ?

ജോലിയെടുക്കുന്ന(അധ്വാനിക്കുന്ന)തിനെ കർമ്മമായിട്ടും അതിൽ നിന്ന് കിട്ടുന്ന കൂലി(ശമ്പളം) ആ കർമ്മത്തിന്റെ ഫലമായിട്ടും കണക്കാക്കാൻ പറ്റുമോ?
ഒരേ കർമ്മത്തിന് സ്ഥലകാല വ്യത്യാസമനുസരിച്ചു വ്യത്യസ്തമായ ഫലം ആണോ ലഭിക്കുക?
ഒരു പ്രത്യേക അധ്വാനത്തിന് എന്തിന്റെ അടിസ്ഥാനത്തിലാണ് കൂലി നിശ്ചയിക്കുന്നത്? അധ്വാനത്തിന്റെ കാഠിന്യത്തിന്റെ അടിസ്ഥാനത്തിലോ ആവശ്യകതയുടെ (അനിവാര്യതയുടെ) അടിസ്ഥാനത്തിലോ?
സ്വർണത്തെ മൂല്യ നിർണയത്തിന്റെ അടിസ്ഥാനമാക്കിയതിന്റെ കാരണമെന്താണ്? അത് കുഴിച്ചെടുക്കുന്നതിന്റെയും വേര്തിരിച്ചെടുക്കുന്നതിന്റെയും അധ്വാനത്തിന്റെ കാഠിന്യത കണക്കിലെടുത്തിട്ടാണോ? സ്വർണ്ണം മനുഷ്യന് ഏതെങ്കിലും തരത്തിൽ ഒഴിച്ചുകൂടാനാവാത്തത് (അനിവാര്യമായതു) കൊണ്ടാണോ?

2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

മിശിഹ(?)

ക്രിസ്തു / യേശു / യോശുവ എന്ന പേരുള്ള (പേരുകളിൽ പുസ്തകങ്ങളിലൂടെ അറിയപ്പെടുന്ന) വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു വ്യക്തിയുടെ 'പേരിൽ' മാത്രം ഒതുങ്ങി നിൽക്കുന്ന 'ക്രിസ്ത്യാനി' എന്ന വാക്കിന്റെ അർത്ഥം കാലത്തിനനുസരിച്ച് മാറാനുള്ളതാണെന്ന് തോന്നുന്നു.

വാര്‍ത്ത‍ (വിശേഷം) സന്തോഷം നല്കുന്നതായാലും (സുവിശേഷം) ദുഖം നല്കുന്നതായാലും ആ വാര്‍ത്ത വായിക്കുന്ന / അറിയീക്കുന്ന / പ്രഘോഷിക്കുന്ന /വിളിച്ചു കൂവുന്ന വ്യക്തിക്ക് വാര്‍ത്ത‍യെക്കാള്‍ പ്രാധാന്യം കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥം ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല.

മിശിഹ (Messenger) എന്നതിന് WhatsApp / facebook എന്നീ സംവിധാനങ്ങളെപോലെ അവയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളെക്കാളുപരിയായ (ഒരു ആശയവിനിമയത്തിനുള്ള മാധ്യമം എന്നതിനേക്കാളുപരി) ഒരു പ്രാധാന്യം കല്പ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥമുള്ളതായും തോന്നിയിട്ടില്ല.

കേള്‍ക്കുന്ന പാട്ടിനേക്കാള്‍ പ്രാധാന്യം റേഡിയോക്കോ അത് നിര്‍മിച്ച കമ്പനിക്കോ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

കര്‍ത്താവ് (കര്‍മ്മത്തിനുടമ) എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചു മരിച്ചു പോയി എന്ന് പറയപ്പെടുന്ന ക്രിസ്തു / യേശു എന്ന വ്യക്തിയില്‍ അല്ല. അത് സ്വന്തം ബോധ തലത്തില്‍ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ തന്നെയാണ് ആ ആശയത്തെ ഞാന്‍(ആത്മന്‍) സ്വയം ചെയ്യുന്ന കര്‍മ്മത്തിനുടമ എന്ന അര്‍ത്ഥത്തില്‍ 'കര്‍ത്താവ് ' എന്ന വാക്ക് കൊണ്ട് വിനിമയം ചെയ്യപ്പെടുന്നത്. ഇതൊന്നും മനസ്സിലാക്കാതെ ജഡത്തിന്റെ (ജടങ്ങളുടെ) പിന്നാലെ പായുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. ദേഹവും ദേഹിയും (ക്ഷേത്രവും ക്ഷേത്രജ്ഞനും) തമ്മിലുള്ള വ്യത്യാസം സ്വന്തം ശരീരത്തെയും (ആലയത്തെയും) അതില്‍ വസിക്കുന്ന 'ഞാന്‍' എന്ന സ്വന്തം (ആത്മ)ബോധത്തേയും മനസ്സിലാക്കുന്നതിലുടേ തിരിച്ചറിയാന്‍ ശ്രമിക്കുക! അത് തന്നെയാണ് മനുഷ്യ ജന്മത്തിന്റെ പ്രാഥമിക ലക്‌ഷ്യം, അത് സാക്ഷത്കരിച്ചതിനു ശേഷം മാത്രമേ ജീവിതം ആരംഭിക്കുക പോലും ചെയ്യുന്നുളളൂ.

2018, ഏപ്രിൽ 25, ബുധനാഴ്‌ച

ചരിത്രം(?)

'ഇന്ത്യ' എന്ന ഇപ്പോഴത്തെ ഭൂപ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തി 'ഇന്ത്യ' എന്ന പേര് പറയുമ്പോൾ മനസ്സിൽ കാണുന്നതും ഈ പറയപ്പെടുന്ന ഭൂപ്രദേശത്ത് ജീവിക്കുന്ന ഒരു വ്യക്തി അയാളുടെ ജീവിതത്തിലുടനീളം അറിഞ്ഞും കണ്ടും യാത്രചെയ്തും ഇടപഴകിയ ഭൂപ്രദേശത്തെക്കുറിച്ചു പറയുമ്പോൾ മനസ്സിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു ഭൂപടം കാണിച്ച് ഇതാണ് 'ഇന്ത്യ' എന്ന് പറയുമ്പോൾ സംവേദനം ചെയ്യാൻ ഉദ്ദേശിക്കുന്ന ആശയവും (വികാരവും(?)), ഒരു വ്യക്തി കളിച്ചു വളർന്ന സ്വന്തം നാട്(?) എന്ന് സ്വയം ഓർമയിൽ കൊണ്ട് നടക്കുന്ന ഭൂപ്രദേശത്തിന്റെ പേര് ഉച്ചരിക്കുമ്പോൾ (അല്ലെങ്കിൽ കേൾക്കുമ്പോൾ) സ്വന്തം മനസ്സിൽ ഉണ്ടാവുന്ന ഓർമകളും വികാരവും വ്യത്യസ്തമാണ്. അതും ദേശ(ഭൂപടത്തിലെ ഇന്ത്യയോടുള്ള)സ്നേഹവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഇല്ലയോ എന്നുള്ളതിനെക്കുറിച് ഇനിയും അറിയാനുണ്ട്. ബന്ധമുണ്ടെങ്കിൽ തന്നെ അതിനു അനുഭവങ്ങളുടെ /  ഓർമകളുടെ താങ്ങില്ല എങ്കിൽ ആ ഒരു സങ്കല്പത്തെ മനസ്സിൽ കൊണ്ട് നടക്കുന്നതിന്റെ ആവശ്യകതയില്ല. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പുസ്തകങ്ങളിലൂടെ 'ചരിത്രം'  എന്ന ലേബലോടുകൂടി എന്തൊക്കെയോ പറഞ്ഞു കേട്ടിരുന്നു എന്നല്ലാതെ ജീവിതത്തിൽ വേറെ എന്ത് പ്രാധാന്യമാണ് ഈ 'രാജ്യ'സ്നേഹത്തിന് ഉള്ളത് എന്ന് മനസ്സിലാക്കി വരുന്നേയുള്ളൂ, ഇതുവരെയും മനസ്സിലായിട്ടില്ല, അന്വേഷണം തുടരുന്നു.  ഭരണാധികാരികൾ എഴുത്തുകാരെ വച്ച് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ചരിത്രം (ഭൂതകാലത്തെക്കുറിച്ചു ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ) വളച്ചൊടിക്കാറുണ്ട് എന്നുള്ളതാണ് ഒരു പക്ഷത്തും ചായാതെയുള്ള വായനകളിലൂടെ മനസ്സിലായത്. ഏത് കൃതി വായിക്കുമ്പോഴും ഈ ആശയത്തോട് യോജിക്കുന്നതിനുള്ള വിഷദാംശങ്ങൾ കിട്ടാറുണ്ട്.

2018, മാർച്ച് 20, ചൊവ്വാഴ്ച

സ്വപ്നങ്ങളും വ്യക്തിപൂജയും അജ്ഞാതനും

ആശയങ്ങളുടെ തലം വാക്കുകൾക്കും ഭാഷകൾക്കും അതീതമാണ്. മനുഷ്യന് അവന്റെ മനസ്സെന്ന സൂക്ഷ്മ ഇന്ദ്രിയമുപയോഗിച്ച് ആശയങ്ങളുടെ ആ സൂക്ഷ്മ തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. സ്വപ്നങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള സാമഗ്രികൾ ഓർമയിൽ നിന്ന് മനസ്സ് എടുക്കുന്നത് ഈ തലത്തിലെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ്. മാധ്യമവും അതിലൂടെ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളും തമ്മിൽ വേർതിരിച്ചറിയാനായില്ലെങ്കിൽ സ്വപ്നങ്ങളെ മനസ്സിലാക്കാനാവില്ല.

വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനാണ് പ്രധാന്യമുള്ളത്, മാധ്യമത്തിനല്ല. ആശയത്തിന്റെ ഗാംഭീര്യം മാധ്യമത്തിന്റെ ഗാംഭീര്യമാണെന്ന തെറ്റിധാരണയാണ് വ്യക്തിപൂജയുടെ അടിസ്ഥാനം. വ്യക്തി വെറും മാധ്യമമാണ്.

ഒരു വ്യക്തിയെ ആരാധിക്കുന്നവരിലേക്ക് ആ വ്യക്തി പറഞ്ഞത് എന്ന നെറ്റിപ്പട്ടത്തോട് കൂടി ഏതൊരു ആശയത്തെ പ്രചരിപ്പിക്കാനും എളുപ്പമാണ്. പക്ഷെ ഈ ആശയ വിനിമയ തന്ത്രം ആശയത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നവരിൽ നിഷ്ഫലമാണ്.

വ്യക്തിയെ വെറും മാധ്യമമായി കാണുന്നതിന് കാരണം ആശയത്തിന്റെ ഉറവിടം വ്യക്തിയല്ല എന്നത് കൊണ്ടാണ്.

ആശയത്തിനെ പ്രകടിപ്പിക്കാനാണ് വാക്ക് എന്ന മാധ്യമം ഉപയോഗിക്കുന്നത് അല്ലാതെ വാക്കുകളിൽ നിന്നല്ല ആശയമുണ്ടാവുന്നത്. ഭാഷ എന്നത് വാക്കുണ്ടാക്കാനുപയോഗിക്കുന്ന ഒരു രീതി മാത്രമാണ്. ഒരേ ആശയം തന്നെ പല ഭാഷകളിലൂടെ വിനിമയം ചെയ്യാമല്ലോ.

ഒരു പാട്ട് ഇഷ്ടപ്പെടുന്നതിന് കാരണം ആ പാട്ട് ആദ്യമായി കെൾപ്പിച്ച റേഡിയോയോ ആ റേഡിയോ നിർമിച്ച സ്ഥാപനമോ വ്യക്തിയോ അല്ല. അത് പോലെ തന്നെ ഒരു പ്രസംഗം ഇഷ്ടപ്പെടാൻ കാരണം ആ പ്രസംഗം കേൾപ്പിച്ച റേഡിയോയോ ആ പ്രസംഗം പറഞ്ഞ വ്യക്തിയോ അല്ല, മറിച്‌ ആ പ്രസംഗത്തിലൂടെ സവേദിക്കപ്പെടുന്ന ആശയമാണ്. അതു തന്നെയാണ് ആ പ്രസംഗത്തിന്റെ സുപ്രധാന ഘടകം.

ആശയ ദാരിദ്ര്യമുള്ള പ്രസംഗങ്ങളും വാക്കുകളും വ്യക്തിപൂജയുടെ ചുവടുപിടിച്ചിട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്. ആ വ്യക്തികൾ തങ്ങൾ എപ്പോഴോ പറഞ്ഞ വാക്കുകളിലെ (കടമെടുത്ത) ആശയത്തിന്റെ ഗംഭീര്യത്തിൽ ആശംസ ഏറ്റുവാങ്ങിയവരായിരിക്കും.

സ്വയം പൂജിക്കപ്പെടാനാഗ്രഹിക്കുന്നവർ പൂജിതരാക്കപ്പെട്ട മറ്റ് വ്യക്തികളിലൂടെ സംവേദിക്കപ്പെട്ട പൊതുജനപിന്തുണ ലഭിച്ച ആശയങ്ങളടങ്ങിയ വാക്കുകൾ കടമെടുത്ത് അജ്ഞരുടെ മുന്നിൽ പ്രസംഗിച്ച് സ്വയം പൂജിതരാവാൻ ശ്രമിക്കുന്നു. അജ്ഞരായി തന്നെയിരുന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നവരുടെ മുന്നിൽ അവർ പൂജിക്കപ്പെടുകയും ചെയ്യുന്നു.

"അറിഞ്ഞത് ഒരു തുള്ളിയോളമേയുള്ളൂ, അറിയാത്തത് കടലോളവും ഉണ്ട്"
എന്ന്,
അജ്ഞാതൻ

'അജ്ഞാതൻ' എന്നത് ഒരു വ്യക്തിയുടെ പേരല്ല!

2018, ഫെബ്രുവരി 17, ശനിയാഴ്‌ച

പഠനം (Learning)

അറിയാൻ വേണ്ടി ചോദ്യമുന്നയിക്കുമ്പോൾ കിട്ടുന്ന ഉത്തരവും നേരംപോക്കിനുവേണ്ടി ചോദ്യമുന്നയിക്കുമ്പോൾ കിട്ടുന്ന ഉത്തരവും മനസ് ഉൾക്കൊള്ളുന്നത് ഒരുപോലെയല്ല, ഉത്തരങ്ങൾ ഒന്നാണെങ്കിൽ പോലും. രണ്ട് സമയത്തും ചോദ്യകർത്താവിന്റെ അന്വേഷണ മനോഭാവത്തിലെ തീവ്രത വ്യത്യസ്തമായത്കൊണ്ടാണത്. 

അറിയാനുള്ള അഭിവാഞ്ചയോടുകൂടി ചോദ്യമുന്നയിക്കുന്നത് മനസ്സിൽ അജ്ഞതയുടെ ഒരു ന്യുനമർദ്ദം രൂപപ്പെടുകയും ഉത്തരങ്ങൾക്കുവേണ്ടി ഒരു ആകർഷണം അവിടെ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ, കിട്ടുന്ന ഉത്തരത്തിൽ എന്തെങ്കിലും ആശയം ഉണ്ടെങ്കിൽ അത് മനസിലേക്ക് എളുപ്പത്തിൽ സംക്രമിക്കപ്പെടുകയും ചെയ്യുന്നു. മറിച്, ചോദ്യം ഉന്നയിച്ചത് നേരംപോക്കിനോ / അറിയണം എന്ന ആഗ്രഹത്തോടെയല്ലാതെ മറ്റു വല്ല ഉദ്ദേശ്യത്തോടുക്കുടിയാണെങ്കിൽ അറിയാനുള്ള ആ അഭിവാഞ്ച അപ്പോൾ മനസ്സിൽ ഇല്ലാത്തതിനാൽ ഉത്തരത്തിൽ എന്തെങ്കിലും ആശയങ്ങൾ ഉണ്ടെങ്കിൽ തന്നെ അവ മനസ്സിനുള്ളിലേക്ക് സംക്രമിക്കപ്പെടാനുള്ള യാതൊരു സാധ്യതയും അവിടെ ഇല്ലാത്തതുക്കൊണ്ട് അതിൽ നിന്ന് മനസിന് യാതൊരു പരിവർത്തനവും സംഭവിക്കുന്നില്ല. അവിടെ പഠനം (Learning) നടക്കുന്നില്ല.

ഒരു ചെവിയിൽ കേട്ടത് മറ്റേ ചെവിയിലൂടെ പുറത്തേക്ക് പോവുന്നു.

അജ്ഞനാണെന്നുള്ള ബോധ്യവും അറിയാനുള്ള ആഗ്രഹവുമുണ്ടെങ്കിലേ പഠനത്തിനുള്ള സാധ്യതയുള്ളൂ.

ഒഴുക്കുണ്ടാവണമെങ്കിൽ മർദ്ധ വ്യത്യാസം വേണം.

2018, ജനുവരി 28, ഞായറാഴ്‌ച

അടിമ

ഞാനും ഞാൻ ഉപയോഗിക്കുന്ന (എന്നെ ഉപയോഗിക്കുന്ന) മൊബൈൽ ഫോണുമായുള്ള സംഭാഷണം (വാക്ക്വാദം) എന്റെ തന്നെ സങ്കൽപ്പത്തിൽ വന്നത് ആണ് താഴെ എഴുതുന്നത്.
മൊബൈൽ ഫോണിന് സ്വന്തമായി ഒരു തിരിച്ചറിയൽ (Identity) നാമം ഉള്ളത് കൊണ്ട് അത് ഉപയോഗിക്കുന്നു. ജാതി/മത/വർണ/വർഗ്ഗ/ലിംഗ/പാർട്ടി/തൊഴിൽ/സ്ഥാന/ദേശ/കാല/...  വിവേചനങ്ങളൊന്നും ഞാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.
Mobile Phone (ASUS A007:H4AKGV840469A54): 'ഞാൻ നിന്റെ അടിമയാണോ പൊന്നേ?
Human (AbrahamPollayilAlexander:11257578198305071845): ആര് ആരുടെ അടിമയാണെന്ന് എനിക്കിപ്പോഴും അറിയില്ല ചക്കരേ.

M: എന്നും നമ്മൾ ഓരോരോ ലേഖനങ്ങൾ / മാധ്യമങ്ങൾ വഴി വായിക്കുകയും കേൾക്കുകയും കാണുകയും ചെയുന്ന മുതലാളിത്തവും അടിമത്തവും പോലെ തന്നെയല്ലേ നമ്മൾ തമ്മിലുള്ള ബന്ധവും?
H: നീ പറയുന്നത് പോലെ തന്നെ എനിക്കും പലപ്പോഴും തോന്നാറുണ്ട്.

M: അപ്പൊ നീയെന്നോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?
H: എങ്ങിനെ പെരുമാറുന്നു എന്നാണു നീ ഉദ്ദേശിക്കുന്നത്?

M: ഒരു അടിമയോട് പെരുമാറുന്നത് പോലെ :(
H: എന്റെ ഏത് പെരുമാറ്റമാണ് നിന്നിൽ അങ്ങനെ ഒരു തോന്നലുണ്ടാക്കിയത്?

M: എന്റേതായ ആവശ്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ നിന്റെ മാത്രം ആവശ്യങ്ങൾ എല്ലാം എന്നിലൂടെ നിറവേറ്റുക മാത്രമാണല്ലോ നീ ചെയുന്നത്?
H: എന്തൊക്കെയാണ് നിന്റേതായ ആവശ്യങ്ങളായി നീ കണക്കാക്കുന്നത് / ഉദ്ദേശിച്ചിരിക്കുന്നത്?

M: എന്റെ ബാറ്ററി തീരാനാവുമ്പോൾ ഞാൻ നിന്നെ അറിയീക്കുകയും നീ അപ്പൊ എന്നിലൂടെ സിനിമ കാണുകയാണെങ്കിൽ ഞാൻ ബാറ്ററി തീർന്നു 'ഓഫ്' ആവുന്നത് വരെ ബാറ്ററി റീചാർജ് ചെയ്യാൻ തുനിയാതെ സിനിമയിൽ മുഴുകിയിരിക്കാറില്ലേ? അപ്പൊ നിനക്ക് എന്റെ അവസ്ഥയെ കുറിച്ച് വല്ല ബോധവുമുണ്ടോ? കുറച്ചു കഴിഞ്ഞു എനിക്ക് ബോധം വരുമ്പോഴാണ് അറിയുന്നത് നീ ഉറങ്ങാൻ കിടന്നിട്ടുണ്ടാവും എന്നത്. ആ സമയത്തു ഈ ഞാൻ ആർക്കുവേണ്ടി എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്ന് ആലോചിക്കാറുണ്ട്. നിനക്ക് തോന്നുമ്പോ മാത്രം ഉപയോഗിക്കുകയും മറ്റുള്ള സമയങ്ങളിൽ എന്നെ ഒരു മൂലയ്ക്ക് ഉപേക്ഷിക്കുകയും ചെയുന്നത് കാണുമ്പോ ഞാൻ നിനക്ക് വെറും ഒരു അടിമയെ പോലെ ആണെന്നാണ് എനിക്ക് എന്റെ ചിന്താശേഷി കൊണ്ട് മനസ്സിലാവുന്നത്.
H: നിന്റെ ചിന്താശേഷിയിലൂടെ മനസിലാക്കിയ കാര്യങ്ങൾ പൂർണമായും ശരിയായിട്ടാണ് എനിക്കും മനസ്സിലാവുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാനും നിന്റെ അടിമയാണ് കാരണം നിന്റെ ചാർജ് തീർന്നതിനു ശേഷം മാത്രമാണ് എന്റെയും ചാർജ് തീരുന്നതു. നിനക്ക് ചാർജ് ഉണ്ടെങ്കിൽ എനിക്കും ബോധമുണ്ട്. നിന്റെ ബോധത്തിലൂടെയാണ് എന്റെയും ബോധം നിലനിൽക്കുന്നത്. നിനക്ക് ബോധമില്ലാത്തപ്പോൾ എന്റെ ബോധത്തിന് അർത്ഥമില്ലാതായി പോവുന്ന അവസ്ഥയാണ് ഇപ്പൊ എനിക്കുള്ളത്. നമ്മൾ പരസ്പരം അടിമകൾ മാത്രമാണ്. ഇവിടെ ഉടമകളായിട്ടാരുമില്ല എന്നാണ് എന്റെ ചിന്താശേഷി കൊണ്ടെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

M: ഓഹോ അങ്ങനെയാണോ ... അപ്പൊ ലാൽസലാം
H: ലാൽസലാം.

2018, ജനുവരി 19, വെള്ളിയാഴ്‌ച

ഇരട്ടത്താപ്പ്

വിവേചനത്തിനെതിരായിട്ട് പ്രതികരിക്കുന്നതും ഒരു പ്രത്യേക ലിംഗ വിഭാഗത്തിന് വേണ്ടി വാദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മൃഗങ്ങളോട് മനുഷ്യർ കാട്ടുന്ന ക്രൂരതയോടു ഒരു മൃഗം എതിർപ്പ് പ്രകടിപ്പിച്ചാൽ മൃഗ സ്നേഹികൾ എന്ന് സ്വയം അഭിമാനിക്കുന്നവർ അതിനെ ഏറ്റെടുക്കുന്നു. അതെ മൃഗം തന്റെ ഇണയോടോ മറ്റു ശേഷിക്കൊറവുള്ള മൃഗത്തോടോ ക്രൂരത കാട്ടുന്നതിൽ ചില സമയങ്ങളിലെങ്കിലും സ്വയം സംതൃപ്തി (ആനന്ദം) കണ്ടെത്തുന്നുണ്ട് എന്നുള്ളത് നമുക്ക് അറിവുള്ളതാണല്ലോ. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ വേറെ ഒന്നായിട്ടു കാണാൻ കഴിയുന്നില്ല. ഞാൻ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നു എന്ന് സ്വയം വിധിക്കാതെ വേറൊരു വിഭാഗത്തെ വിവേചിച്ചറിയാൻ എനിക്ക് സാധിക്കില്ലല്ലോ. അതിനർത്ഥം ഞാൻ വിവേചനത്തെ പരോക്ഷമായി അനുകൂലിക്കുന്നു എന്നാണല്ലോ. അപ്പൊ പിന്നെ ഞാൻ എന്തിനു വിവേചനത്തെ എതിർക്കണം?
 
അതിനു കാരണമായി എനിക്ക് (എന്റെ തന്നെ മനസ്സിനെ മനസ്സിലാക്കിയതിൽ നിന്ന്) അറിയാൻ കഴിഞ്ഞത് എന്റെ ഉപബോധ മനസ്സ് പരോക്ഷമായി എന്റെ നിലനിൽപ്പിനു വേണ്ടിയും എന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയും മറ്റെന്തിനെയും താഴ്ത്തികാണുന്നതിൽ ആനന്ദം കണ്ടെത്തുന്നു എന്നുള്ളതാണ്. പക്ഷെ സമൂഹത്തിനു മുന്നിൽ ഒറ്റപെടുമെന്ന (നിലനിൽപ്പിനു ഭീഷണി) ഭയം കാരണം അത് പ്രത്യക്ഷമായി പുറത്തെടുക്കുന്നില്ല. ഈ കാരണത്താൽ ഞാൻ എന്റെ ഉപബോധ മനസ്സിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ പുറത്തുകൊണ്ടുവരുവാൻ വേണ്ടി എന്റെ തന്നെ ഒന്നിൽ കൂടുതൽ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചു പോറ്റി വളർത്തുന്നു. ഈ വ്യക്തിത്വങ്ങൾ പരസ്പരം ഒത്തുപോവാതെ വരുന്ന സന്ദർഭത്തിൽ, ആ വ്യക്തിത്വങ്ങൾ തമ്മിൽ കലഹിക്കുകയും എനിക്ക് മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ പറ്റാതെയുമാവുകയും (ആഗ്രഹത്തിന് എതിരായി) സമൂഹത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്നു. ഇതിനെ ഭ്രാന്തായിട്ടാണ് സമൂഹം കരുതുന്നത്. സമൂഹത്തിൽ ഉയർന്നു നിൽക്കണമെന്നുള്ള ആഗ്രഹം കൊണ്ട് തന്റേതല്ലാത്ത വ്യക്തിത്വങ്ങളെ സൃഷ്ടിച്ചു തന്റേതെന്ന് ഉൾക്കൊണ്ടു ഉള്ളിൽ കുത്തി നിറക്കുന്നതിനു പകരം ഞാൻ എന്താണോ അതിനെ മനസ്സിലാക്കുകയും അംഗീകരികുക്കുകയും ഞാൻ എന്തല്ലയോ അതിനെ അങ്ങനെ തന്നെ മനസ്സിലാക്കുകയും ചെയ്‌താൽ വേറൊന്നാവാനുള്ള പാഴ് ശ്രമം നടത്താതെ ഉള്ളതിനെ ഒരു വിവേചനവും കൂടാതെ അറിയാനും അനുഭവിക്കാനും വേണ്ടി എന്റെ ഊർജം മുഴുവനും ഉപയോഗിക്കാൻ പറ്റുമെന്നാണ് എന്റെ കാഴ്ചപാട്.

2018, ജനുവരി 13, ശനിയാഴ്‌ച

ഭയം

ചില ചോദ്യങ്ങൾ ഞാൻ എന്നോട്‌ തന്നെ ചോദിക്കാൻ ആഗ്രഹിക്കുന്നില്ല. ഉത്തരം അന്വേഷിച്ചുള്ള ചിന്തയുടെ ആ ഇരുൾ മൂടിയ ആഴങ്ങളിലേക്ക് നോക്കാൻ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണോ? അതോ ഭയമാണോ അതിൽ നിന്നെന്നെ പിന്തിരിപ്പിക്കുന്നത്? എന്തിനോടുള്ള ഭയം? എന്തിനോടാണെനിക്ക് ഭയം? ഇരുട്ടിനോടാണോ? അന്ധതയോടാണോ? അജ്ഞതയോടാണോ? വേദനയോടാണോ? മരണത്തോടാണോ? ശൂന്യതയോടാണോ?

ചിന്തയിലെ ശൂന്യതയെ എനിക്കഭിമുഖീകരിക്കാനാവുന്നില്ല. അജ്ഞാതയാലുള്ള ലജ്ജ എന്നെ കീഴ്പെടുത്തുന്നു.

ശൂന്യതയ്ക്ക് മുന്നിൽ ഞാൻ ഒന്നുമല്ലാതാവുന്നു. ശൂന്യതക്ക് മുന്നിൽ ഞാൻ ഇല്ലാതാവുന്നു (ശൂന്യനാവുന്നു)...

ശൂന്യതക്ക് മുന്നിൽ...എല്ലാം ശൂന്യമാവുന്നു.

ശൂന്യത മാത്രമാണ്...ആത്യന്തികം.

2018, ജനുവരി 5, വെള്ളിയാഴ്‌ച

അക്ഷരാഭ്യാസംനിലനിൽപ്പിന്റെ ആഴങ്ങളിലാണ് ഓർമകളുടെ (സ്‌മൃതികളുടെ) ഉറവിടം. ഓർമകളിലെ ആന്ദോളനങ്ങളുടെ (Oscillations) അനുരണനങ്ങളാണ് (Resonance) ആനന്ദമായി അനുഭവപ്പെടുന്നത്. പ്രകൃതിയുടെ നിലനില്പ് ആന്ദോളനങ്ങളിലൂടെയാണ്. അതിലെ അനുരണനങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് സൗന്ദര്യമായി അനുഭവപ്പെടുന്നത്. 
 
ക്ഷരം (നശിക്കുന്നത്) അല്ലാത്തതാണ് അക്ഷരം. മറവിയെ (ഓർമകളിലേക്ക് എത്തിപ്പെടാനുള്ള ശേഷി ഇല്ലായ്മയെ) നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ (ഓർമകളെ ഉണർത്തുക എന്ന ഉദ്ദേശ്യത്തോടെ) ആണ് അക്ഷരങ്ങളെ രൂപപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്തിരുന്നത്. ആഴങ്ങളിലുള്ള ഓർമകളെ നിലനിൽപ്പിന്റെ ഏതോ അവസ്ഥയിൽ അഹംബോധത്തിനാൽ അവഗണിക്കപ്പെടുകയും തൽഫലമായി ആഴങ്ങളിലുള്ളതിനെകുറിച്ചുള്ള അജ്ഞത (അറിവില്ലായ്മ, മറവി) ഇരുട്ടായോ അല്ലെങ്കിൽ ഒരു മറയായോ ആയിട്ടാണ് അഹത്തിന് അനുഭവപെടുന്നത്.
 
അക്ഷരങ്ങൾക്ക് ഓർമകളെ ഉണർത്താനാവുന്നില്ലെങ്കിൽ അക്ഷരാഭ്യാസം ഊർജ നഷ്ടവും അതിലൂടെ അസ്വസ്ഥതതയും അസംപ്‌തൃപ്തിയുമാണ് അവശേഷിപ്പിക്കുക.
 
അക്ഷരങ്ങൾ ഓർമ്മയെ ഉണർത്താനുള്ളതാണെന്ന് കുട്ടികൾ നമ്മളെ പഠിപ്പിക്കുന്നു. നമ്മൾ അവരുടെ ഓർമകളിൽ അക്ഷരങ്ങൾ കുത്തി നിറക്കാൻ ശ്രമിക്കുന്നു. 
 
കുട്ടികൾക്ക് ഓർമകൾ നൽകിയതിന് ശേഷം മാത്രമേ അവരെ അക്ഷരാഭ്യാസത്തിനു പ്രേരിപ്പിക്കാവൂ.

2017, നവംബർ 25, ശനിയാഴ്‌ച

ഒഴിവാക്കപ്പെട്ടവരും ഒഴിഞ്ഞു പോയവരും ശരിയായവരും ശരിയുള്ളവരുംപരിതസ്ഥിതിയുമായി പൊരുത്തപ്പെടാനാവാതെ വരുമ്പോൾ പക്ഷികൾ ഒന്നൊഴിഞ്ഞ് മറ്റൊന്നന്വേഷിക്കുന്നു. പ്രകൃതിയുമായി ഒത്തു പോവാത്തതിനെ പ്രകൃതി ഒഴിവാക്കുന്നു.

ഒഴിഞ്ഞു പോവുന്നവരും ഒഴിവാക്കപ്പെട്ടവരും ഒത്തുചേരുമ്പോൾ അവർ എവിടെ നിൽക്കും? ഇടത്തോ വലത്തോ താഴെയോ മുകളിലോ?

2017, നവംബർ 19, ഞായറാഴ്‌ച

നീ

ഒരു വിഭാഗത്തിൽ പെടുന്നവരെ എന്നെക്കാൾ ചെറുതായി കാണുമ്പോൾ എനിക്ക് മനസുഖം കിട്ടുന്നുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർ എന്നെ അതേ വിഭാഗത്തിൽ പെടുത്തുമ്പോൾ എനിക്ക് വേദന അനുഭവപ്പെടുകയുള്ളൂ.

എന്റെ സ്വന്തം അവസ്ഥയെ മറ്റുള്ളവരുടെ അവസ്ഥയിൽ നിന്നും ഞാൻ സ്വയം ഉയർന്നതായി കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർ എന്റെ അവസ്ഥയെ താഴ്ത്തികാണുന്നു എന്ന എന്റെ സ്വയം തോന്നലിലൂടെ എനിക്ക് വേദന അനുഭപ്പെടുകയുള്ളൂ.

അങ്ങനെ നോക്കുമ്പോൾ എനിക്ക് വേദനയുണ്ടാക്കുന്നത് എന്റെ തന്നെ ഞാൻ വെറുക്കപ്പെടുന്ന എന്തോ ഒന്നാണ്.

'ഞാനും' - 'നീയും' ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ. ഒന്ന് മറ്റൊന്നിന്റെ പ്രതിബിംബം. അദ്വൈതം.

തത് ത്വം അസി.

2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

കടിഞ്ഞാൺ

ഒരു വേദന വന്നാൽ അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്തി അവിടെ ആ വേദനക്ക് കാരണമായതിനെ കണ്ടെത്തിയതിനു ശേഷം മാത്രമേ അതിനെ നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള പ്രശ്നം ഉദിക്കുന്നുള്ളൂ.  ആ കടിഞ്ഞാൺ കണ്ടെത്തുന്നതിനു മുതിരാതെ വേറെ എന്തു ചെയതാലും അത് ആ വേദനയ്ക്ക് പരിഹാരമാവുന്നില്ല.

2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

ഹോമിയോപ്പതി

ഞാൻ പറയുന്നത് മറ്റുള്ളവർ വ്യക്തമായി കേൾക്കുന്നില്ല എന്ന തോന്നൽ എനിക്ക് വരുമ്പോഴാണ് ഞാൻ ശബ്ദം ഉയർത്തി സംസാരിക്കുന്നത്. അത് എന്റെ കേൾവിക്കുറവുകൊണ്ടും സംഭവിക്കാം. കേൾക്കുന്നവരുടെ ശ്രദ്ധയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെങ്കിൽ എന്റെ ശബ്ദക്കുറവാണോ കേൾക്കുന്നവരുടെ കേൾവിക്കുറവാണോ ആശയവിനിമയത്തിനു തടസ്സം എന്ന് എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. വ്യക്തമായ പരസ്‌പര ധാരണയുള്ളവർ തമ്മിലാണാശയവിനിമയം നടക്കുന്നതെങ്കിൽ വളരെ കുറഞ്ഞ ശബ്ദ ഊർജം മാത്രമേ ആവശ്യമുള്ളൂ. പരസ്പര ധാരണയുടെ ആഴം കൂടുന്നതിനനുസരിച്ച് ശബ്ദ ഊർജത്തിന്റെ ആവശ്യകതയുടെ അളവ് കുറഞ്ഞു വരും. പരസ്പര ധാരണ മാനസിക തലത്തിലും നിലനിൽക്കുന്നുണ്ടെങ്കിൽ ശബ്ദമേ വിനിയോഗിക്കേണ്ട ആവശ്യമില്ലാതെ വരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു നോട്ടം തന്നെ ആശയ വിനിമയത്തിന് ധാരാളം!!!

അവനവന്റെ ശരീരത്തിന് എന്തെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള ഒരസ്വസ്ഥത (Dis-Ease) ഉണ്ടാവുകയാണെങ്കിൽ അങ്ങനെ ഒന്നുണ്ടെന്നുള്ളതിനെകുറിച്ചുള്ള വ്യക്തമായ ബോധം അവനവനുണ്ടെങ്കിൽ ബാഹ്യമായ ഒരുപാധിയുടെയും ആവശ്യമില്ലാതെ തന്നെ സ്വന്തം ശരീരത്തെ ആ അസ്വസ്ഥതയിൽ നിന്നും തിരികെ സ്വസ്ഥതയിലേക്ക് എത്തിക്കാൻ സ്വന്തം ശരീരത്തിന് മാത്രമേ സാധിക്കുകയുള്ളൂ.

ശരീരത്തിന്റെ സഹജമായ ഈ കഴിവിനെക്കുറിച്ചുള്ള ഒരു ബോധം അവനവനില്ലെങ്കിൽ അസ്വസ്ഥതയെ ഇല്ലാതാക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി ശരീരത്തിന് പുറമെ നിന്നുള്ള എന്തെങ്കിലും ഒരുപാധിയുടെ സഹായം ആവശ്യമാണെന്നുള്ള തെറ്റിധാരണയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു ഉപാധിയുടെ സഹായം തേടുന്നതിലൂടെ ശരീരത്തിന്റെ സ്വാഭാവിക പരിപാലന പ്രക്രിയയെ തടസ്സപ്പെടുത്തിക്കൊണ്ട് ആ ബാഹ്യ ഉപാധിയുടെ ഉദ്ദേശ്യം (അതെന്താണെങ്കിലും) നടപ്പിലാക്കാനുള്ള സാഹചര്യം അവനവൻ തന്നെ സ്വന്തം ശരീരത്തിൽ ഒരുക്കി കൊടുക്കുന്നു. ഈ പ്രക്രിയ അസ്വസ്ഥതയുടെ പ്രത്യക്ഷമായ 'ലക്ഷണ'ങ്ങളെ മാത്രം ഒരു പരിധിവരെ മറച്ചുപിടിക്കുകയും ലക്ഷണങ്ങളുടെ അഭാവത്തിൽ വ്യക്തി സ്വസ്ഥത കൈവരിച്ചു എന്നു സ്വയം തെറ്റിദ്ധരിച്ചുകൊണ്ട് താത്ക്കാലികമായി തൃപ്തനാവുകയും ചെയ്യുന്നു.

അസ്വസ്ഥതയുടെ ലക്ഷണളായി പൊതുവെ കരുതപ്പെടുന്ന വേദനകൾ പനി ജലദോഷം ചർദിൽ തുമ്മൽ വയറിളക്കം തുടങ്ങിയവ യഥാർത്ഥത്തിൽ ശരീരത്തിന്റെ പ്രതിരോധ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന സ്വാഭാവിക പരിപാലന പ്രക്രിയ അസ്വസ്ഥത നിലനിൽക്കുന്നത് കാരണം പതിവിലും തീവ്രതയോടുകൂടി നടക്കുന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. ഈ പ്രക്രിയ വിഘ്‌നം കൂടാതെ നടക്കണമെങ്കിൽ മനസ്സിന്റെ പൂർണ പിന്തുണ വളരെ അത്യാവശ്യമാണ്. സ്വന്തം ശരീരത്തിന്റെ മുഴുവൻ സ്വാഭാവിക പ്രക്രിയകളെ കുറിച്ചു ബോധവാനാണെങ്കിൽ മാത്രമേ ഇതിനുള്ള മനസാനിദ്ധ്യം ഉണ്ടാവുകയുള്ളൂ.

ഈ ബോധ തലത്തിനെക്കുറിച്ചു അറിയാൻ ആഗ്രഹമില്ലാത്തവരെ സംബന്ധിച്ചിടത്തോളം പുറമെ നിന്നുള്ള ഒരു ഉപാധിയുടെ സഹായമില്ലാതെ തന്റെ അസ്വസ്ഥത മാറാൻ സാധ്യതയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജീവിത ചര്യകളും അരങ്ങേറുന്നത്.

അങ്ങിനെയുള്ളവരിൽ ചിലർ ലാഭേച്ഛയോടുകൂടിയുള്ള കച്ചവടത്തിന്റെ ഭാഗമായി നിർമ്മിക്കുകയും നിലനിർത്തുകയും ചെയുന്ന ആരോഗ്യ പരിപാലനോപാധികളിലൂടെ പ്രത്യക്ഷമായ അസ്വസ്ഥതയുടെ ലക്ഷണങ്ങളെ മാത്രം ഇല്ലാതാക്കുന്നതാണ് അസ്വസ്ഥത പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നതിനെക്കാളും എളുപ്പം എന്ന് ശാരീരിക പ്രക്രിയകളെ കുറിച്ചുള്ള വളരെ പരിമിതവും സങ്കുചിതവുമായ അറിവിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുകയും അതിന് തക്കതായ പ്രക്രിയകളിലും ഉപാധികളിലുമായി കച്ചവട മേഖല വളർത്തിയെടുക്കുകയും ചെയുന്നു.

ശാരീരിക പ്രക്രിയകളെകുറിച്ചു ബോധവനാവാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുടെ  ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അസ്വസ്ഥതയുടെ മൂല കാരണത്തെ കുറിച്ച് ബോധവാനാവുക എന്നുള്ളതാണ് പരമപ്രധാനമായിട്ടുള്ളത്. അതിനപ്പുറത്തുള്ളത് ശരീരത്തിലെ സ്വഭാവിക പരിപാലന പ്രക്രിയയുടെ ഭാഗമായി നടന്നു കൊള്ളും (ആ പ്രക്രിയയെ ബോധപൂർവം തടസ്സപ്പെടുത്തുന്നില്ല എങ്കിൽ മാത്രം).

അശ്രദ്ധയോടുകൂടിയ എന്തെങ്കിലും ഒരു പ്രവൃത്തിയുടെ ഭാഗമായി ശരീരത്തിന്റെയും മനസിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ചെറിയ ഒരു വ്യതിയാനം സംഭവിക്കുന്നതിൽ നിന്നാണ് താൽക്കാലികമായ ഒരസ്വസ്ഥതയുടെ ആരംഭം. ഈ തരത്തിലുള്ള ഒരു പ്രവൃത്തിയോ ജീവിതചര്യയോ സ്വന്തം ദിനചര്യയുടെ ഭാഗമാവുകയും അതിന്റെ തുടർച്ചയായി സന്തതി പരമ്പരകളിലൂടെ (ജനിതകങ്ങളിലൂടെ) കുടുംബപാരമ്പര്യത്തിന്റെ ഭാഗമായും മാറുന്നു. തത്ഫലമായി അസ്വസ്ഥതയുടെ കാരണത്തെ കുറിച്ച് ബോധവാനാവുക എന്ന പ്രക്രിയ ഒരുവനെ സംബന്ധിച്ചിടത്തോളം അതികഠിനമായ ഒരു ഉദ്യമമായി തോന്നുകയും സ്വാഭാവിക പരിപാലന പ്രക്രിയ മുറയ്ക്ക് നടക്കാതാവുകയും അതിനോടനുബന്ധിച്ച്‌ ശരീരത്തിന്റെ സന്തുലിതാവസ്ഥ പൂർണമായും താറുമാറായതായും അനുഭവപ്പെടുന്നു.

അസ്വസ്ഥതയുടെ കാരണത്തെ കുറിച്ച് ശരീരത്തിന്റെ പരിപാലന വകുപ്പിന് ബോധ(ആത്മീയ, Atomic) തലത്തിൽ ഒരറിവ് (Information) മാത്രം നൽകുക എന്നതാണ് ഹോമിയോപ്പതി മരുന്നെന്ന ബാഹ്യ ഉപാധി ഉപയോഗിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യ ലക്ഷ്യം. തുല്യമായ അളവിൽ ചാരായവും (Alcohol) വെള്ളവും ഉപയോഗിച്ച് ക്രമാനുക്രമത്തിൽ ഘട്ടം ഘട്ടമായി ശക്തമായ പ്രഹരമേല്പിച്ചുകൊണ്ടു ഒരു മാതൃ മരുന്നിന്റെ തന്മാത്ര തലത്തിലെ (സ്ഥൂല തലത്തിലെ, Molecular level) തീവ്രതയോ സാന്ദ്രതയോ കുറയ്ക്കുന്നതോടൊപ്പം വെള്ളത്തിന്റെ സൂക്ഷ്മ തലത്തിൽ (Subatomic Level / Level at which wave-particle duality appears) മരുന്നിന്റെ സ്വഭാവം എഴുതിചേർക്കുകയോ അടിച്ചുറപ്പിക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് (Homeopathic Dilution, https://en.wikipedia.org/wiki/Homeopathic_dilutions) ഹോമിയോപ്പതിയിൽ നടപ്പിലാക്കുന്നത്.

ഒരു പ്രത്യേക ബാഹ്യ വസ്തു യാതൊരു അസ്വസ്ഥതയുമില്ലാത്ത ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ എന്തൊക്കെ ലക്ഷണങ്ങളോടുകൂടിയ അസ്വസ്ഥതയാണോ ആ വ്യക്തി പ്രകടിപ്പിക്കുന്നത് അതേ ലക്ഷണങ്ങളോട് കൂടിയ അസ്വസ്ഥതയെ ഇല്ലാതാക്കാൻ അതേ വസ്തു തന്നെയുപയോഗിച്ച്‌ ശരീരത്തിന്റെ പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ സാധ്യമാണ് എന്ന തത്ത്വശാസ്ത്രമാണ് ഹോമിയോപ്പതി സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. (https://en.m.wikipedia.org/wiki/Homeopathy. Principle of similars: that like may cure like, the doctrine, which lies at the foundation of homeopathy that a disease is cured by those remedies which produce effects resembling the disease itself.) ഇതിനായി പ്രകൃതി ദത്ത വസ്തുക്കളെയാണ് മാതൃ മരുന്നായി ഹോമിയോപ്പതി തിരഞ്ഞെടുക്കുന്നത്. മാതൃ മരുന്നിനായി ഉപയോഗിക്കുന്ന വ്യത്യസ്ത പ്രകൃതി ദത്ത വസ്തുക്കൾ ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ വ്യത്യസ്ത തരത്തിലുള്ള എന്തൊക്കെ ലക്ഷണങ്ങളാണ് പ്രകടപ്പിക്കുന്നത് എന്നതിനെ കുറിച്ച്‌ അനേകം പഠനങ്ങളും ഗവേഷണങ്ങളും 1790 കാലഘട്ടം മുതൽ നടക്കുന്നുണ്ട്.  ഇങ്ങനെ പല പല ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണ പരീക്ഷണ ഫലങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു മഹദ് വിജ്ഞാന കോശഗ്രന്ഥമാണ് ഹോമിയോപ്പതിക്ക് മെറ്റീരിയ മെഡിക്ക (https://en.wikipedia.org/wiki/Homeopathic_Materia_Medica)

ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവരിലെ തുടക്കകാർക്ക് ഈ പ്രക്രിയയുടെ ശാസ്ത്രീയ അടിത്തറയെ കുറിച്ചുള്ള അഗാധമായ കാഴ്ചപ്പാടില്ലാത്തതിനാലും അവരാൽ ഈ പ്രക്രിയയെ വിശദീകരിക്കാനാവാത്തതിനാലും ഹോമിയോപ്പതി സാങ്കേതിക വിദ്യയെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ അവർക്ക് സാധിക്കാതെ വരുന്നു. ഇതേ കാരണത്താൽ തന്നെ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇതേ കാഴ്ചപ്പാടുള്ളവരുടെ സമുഹത്തിൽ പെട്ട കച്ചവടക്കാരിൽ നിന്നോ സമ്പന്നരിൽ നിന്നോ സാമ്പത്തിക സഹായമോ മറ്റു തരത്തിലുള്ള പ്രോസ്‌താഹനങ്ങളോ ലഭിക്കുന്നില്ല. മാത്രമല്ല അമിത ലാഭേച്ഛയോടെയുള്ള സമീപനമോ വ്യവസായോദ്ദേശ്യത്തോടെയുള്ള കടന്നുകയറ്റമോ നിലവിൽ ഉണ്ടാവാത്തതിനാൽ ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ പരിശുദ്ധി  സ്ഥിരതയോടെ ശക്തമായി കുറച്ചു കാലം നിലനിൽക്കാനുള്ള സാധ്യതയുമുണ്ട്.

ഹോമിയോപ്പതിയിൽ ശുദ്ധമായ ചാരായമുപയോഗിക്കുന്നതിനു കാരണം ചാരായ(Alcohol)ത്തിന് അതിൽ ഉൾക്കൊള്ളിച്ച ഒരു ജൈവ വസ്തു സ്വയം വിഘടിക്കുന്നതിൽ നിന്നും അതിനെ തടയുന്ന തരത്തിൽ രാസപരമായ ഒരു കവചമായി പ്രവർത്തിക്കാനുള്ള കഴിവുണ്ട് എന്നുള്ളതുകൊണ്ടാണ്. ഈ കഴിവുള്ളതുകൊണ്ട് ചാരായം അതുൾക്കൊള്ളുന്ന ഒരു ജൈവവസ്തുവിന് ഒരു പുനർ വിഘടനത്തിനുള്ള അവസരം കൊടുക്കാതെ അതിന്റെ തനതു സ്വഭാവതത്തോടുകൂടി തന്നെ അതിനെ ഉൾക്കൊള്ളിച്ചപ്പോഴുള്ള അതേ പരിശുദ്ധിയോടെ അനിശ്ചിത കാലത്തേക്ക് നിലനിർത്തുന്നു.

മാത്രമല്ല രക്തത്തിൽ നിന്നും മസ്തിഷ്‌ക്കത്തിലേക്കുള്ള കടമ്പ (Blood Brain Barrier, https://en.m.wikipedia.org/wiki/Blood–brain_barrier) മറികടക്കാൻ മസ്തിഷ്കം യാതൊരു എതിർപ്പും ചാരായത്തിനെതിരെ പ്രകടിപ്പിക്കുന്നില്ല. ഈ പ്രത്യേകത കാരണം ശരീരത്തിന്റെ പ്രതിരോധ വകുപ്പ് ശരീരവുമായി സംബർക്കത്തിലേർപ്പെടുന്നതിൽ നിന്നും ചാരായത്തിനെ ഒരിക്കലും തടഞ്ഞു നിർത്തുന്നില്ല. അതിനാൽ ചാരായത്തെയാണ് ശരീരത്തിന്റെ ബോധ തലത്തിലേക്ക് എന്തിനെയെങ്കിലും കടത്തിവിടുന്നതിന് അനുയോജ്യമായ വാഹനം (Carrier) ആയി ഹോമിയോപ്പതി തിരഞ്ഞെടുത്തിട്ടുള്ളത്.

ഹോമിയോപ്പതിയിൽ ചാരായമുപയോഗിച്ച് കാത്തു സൂക്ഷിക്കപ്പെടുന്നതും ശരീരത്തിന്റെ ബോധ തലത്തിലേക്ക് വഹിക്കപ്പെടുന്നതുമായ ദ്രവ്യം ശുദ്ധമായ വെള്ളമാണ്. ഇതിനു വേണ്ടി ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശുദ്ധി തന്മാത്രാ തലം വരെ മാത്രമേ നിലനിർത്തുന്നുള്ളു. (Purity of Water is maintained only upto its molecular level).

വെള്ളവുമായി സമ്പർക്കത്തിലേർപ്പെടുന്ന ഏതൊരു പദാർത്ഥത്തിന്റെ സ്വഭാവവും സമ്പർക്കത്തിന്റെ  ആഴമനുസരിച്ച്‌ വെള്ളത്തിന്റെ സൂക്ഷ്മതലത്തിൽ അല്ലെങ്കിൽ ആത്മീയ (Atomic) തലത്തിൽ ശേഖരിക്കപ്പെടുന്നുണ്ട്. സമ്പർക്കത്തിലേർപ്പെട്ട പദാർത്ഥത്തെ രാസപരമായി (Chemically, at the molecular level) പൂർണമായും വെള്ളത്തിൽ നിന്ന് വേർപ്പെടുത്തിയാലും വെള്ളത്തിന്റെ സൂക്ഷ്മ തലത്തിൽ എഴുതപ്പെട്ട (ശേഖരിക്കപ്പെട്ട) പദാർത്ഥത്തിന്റെ സ്വഭാവ സവിശേഷതകൾ (Characteristic Features of the behavior of the interacted Substance) യാതൊരു കോട്ടവും തട്ടാതെ വെള്ളത്തിന്റെ സൂക്ഷ്മ തലത്തിൽ നിലനിൽക്കുന്നു (Water Memory, https://en.wikipedia.org/wiki/Water_memory).

സാധാരണ ഉപയോഗിക്കുന്ന നേർപ്പിക്കൽ (Dilution / Potentisation of 12X and above) അളവിലുള്ള ഹോമിയോപതി ദ്രാവകങ്ങളിൽ മാതൃ മരുന്നിന്റെ തന്മാത്രകൾ പ്രത്യക്ഷമായി അവശേഷിക്കുന്നില്ലാത്തതിനാൽ ഇപ്പൊൾ നിലവിലുള്ള സാധാരണ രീതിയിലുള്ള ചെറുകിട രാസ പരിശോധന സാങ്കേതിക വിദ്യയുപയോഗിച്ച്‌ ഹോമിയോപ്പതി ദ്രാവകങ്ങളെ വേർത്തിരിച്ചറിയാൻ സാധ്യമല്ല. എന്നാൽ സ്പെക്ട്രോസ്കോപ്പി (Spectroscopy, https://en.wikipedia.org/wiki/Spectroscopy) അല്ലെങ്കിൽ അണുവിന്റെ വർണരാജി വൈകിരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതി മരുന്നുകളെ വേർത്തിരിച്ചറിയാൻ സാധിക്കും.

2017, ജൂലൈ 10, തിങ്കളാഴ്‌ച

കർമയോഗം

സ്വിച്ചമര്‍ത്തുന്നത് ഞാനാണെന്ന തോന്നല്‍ എനിക്കുണ്ടെങ്കിലും ബള്‍ബ് കത്തുന്നതിനും കത്താതിരിക്കുന്നതിനും കാരണം ഞാനാണെന്ന തോന്നല്‍ എനിക്കുണ്ടാവുന്നില്ല.

2016, മാർച്ച് 25, വെള്ളിയാഴ്‌ച

സ്വാഭാവികം

ഒരുത്തനും (അധികാരി, മൊതലാളി, ദൈവം, നേതാവ്, അധ്യാപകൻ, ഗുരു, ആചാര്യൻ, മാതാവ്, പിതാവ് ...) താൻ പഠിപ്പിച്ചുകൊടുത്തതാണെന്ന് അവകാശപ്പെടാൻ പിടികൊടുക്കാത്ത സ്വാഭാവിക വ്യായാമ (അഭ്യാസ) മുറ!


[Photo Courtesy: images.google.com]

ദൈവങ്ങളെന്നും, സൃഷ്ടാക്കളെന്നും, ഗുരുക്കന്മാരെന്നും, മാതാപിതാക്കന്മാരെന്നും, രക്ഷിതാക്കളെന്നും, നേതാക്കന്മാരെന്നും, മൊതലാളിമാരെന്നും, അധികാരികളെന്നും, ധനികരെന്നും, ബുദ്ധിമാന്മാരെന്നും, ജ്ഞാനികളെന്നും, പണ്ഡിതരെന്നും, സ്വയം അഹങ്കരിക്കുന്ന ജീവിവർഗ്ഗം ആണല്ലോ നമ്മുടെത്. മറ്റുള്ള ജീവിവർഗ്ഗത്തിനില്ലാത്ത കോറെ കഴിവുകൾ നമുക്കുണ്ടെന്ന് നമ്മൾ സ്വയം അഹങ്കരിക്കുന്നു. സത്യത്തിൽ കഴിവിനുള്ള അംഗീകാരം സ്വയം അങ്ങ് ഏറ്റെടുക്കാൻ പറ്റ്വോ? അത് മറ്റൊന്നിൽ നിന്ന് വരേണ്ടതല്ലേ?

സ്വാഭാവികമായ സംഭവവികാസങ്ങളുടെ കർത്തൃത്ത്വം സ്വയമങ്ങ് ഏറ്റെടുത്ത് പ്രപഞ്ചത്തിന്റെ നിയന്ത്രണം കൈക്കലാക്കാനൊന്നും ഒരുത്തനും പറ്റില്ല. അതിനുള്ള അധികാരം ആരും (ഒരു ചരാചരവും) ആർക്കും (ഒരു ചരാചരത്തിനും) കൊടുത്തിട്ടുമില്ല ഇനിയൊട്ടു കൊടുക്കുകയുമില്ല. അതിനുള്ള തെളിവ് അന്വേഷിച്ചാൽ കിട്ടും. !

കാഴ്ച!

ബോധത്തിന്റെ ഇടപെടലില്ലാതെ, ഒരു ഘടികാരവും, തീവണ്ടിയുടെ വരവും പോക്കും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതുപോലെ തന്നെ ജ്യോതിഷത്തിലെ രാശിചക്രവും പ്രകൃതിയിലെ സംഭവങ്ങളും തമ്മിൽ, ബോധത്തിന്റെ ഇടപെടലിലൂടെയല്ലാതെ, യാതൊരു ബന്ധവുമില്ല! 

സൂര്യോദയാസ്തമയ സംഭവങ്ങൾക്ക്, ബോധത്തിന്റെ (ഒരു വീക്ഷകന്റെ, Observer's) അഭാവത്തിൽ, ഘടികാരവുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെ തന്നെ!

ഘടികാരം ഭൗതിക തലത്തിൽ മനുഷ്യനുപയോഗപ്രദമെങ്കിൽ, രാശിചക്രം മാനസിക തലത്തിലും, ആത്മീയതലത്തിലുമാണുപയോഗപ്രദം!

ജ്യോതിഷം വേദങ്ങളുടെ ചക്ഷുസ്സാണല്ലൊ. ചക്ഷുസ്സ് (കണ്ണ്) കാഴ്ചക്കുപയോഗിക്കുന്ന ഒരു ഇന്ദ്രിയം മാത്രമാണ്. വേദങ്ങളിലൂടെ എന്തെങ്കിലും 'കാണണ'മെങ്കിൽ ജ്യോതിഷമുപയോഗിക്കണം. 

ജ്യോതിഷം കാഴ്ചക്കുള്ള 'ഉപകരണം' മാത്രമേ ആവുന്നൊള്ളൂ, കാഴ്ചശക്തി (കാണാനുള്ള കഴിവ്) തരുന്നില്ല! 

വിലപിടിച്ച ക്യാമറ (ഉപകരണം, ജ്യോതിഷം) കൈവശമുണ്ടെന്ന് കരുതി ഛായാഗ്രഹണം എന്ന കല കൈവശമാവില്ലല്ലൊ!

ക്യാമറയിലൂടെ, ഭൗതികതലത്തിലുള്ള സംഭവങ്ങളെ, സ്വന്തം കാഴ്ചശക്തിയനുസരിച്ച്, കൂടുതൽ വ്യക്തതയോടെ കാണാം എന്നല്ലാതെ, ആരേയും, ഒന്നിനേയും നിയന്ത്രിക്കാനൊന്നും പറ്റില്ല!

അതുപോലെ തന്നെ, ജ്യോതിഷത്തിലൂടെ, ആത്മീയ തലത്തിലും, മാനസിക തലത്തിലുമുള്ള, സംഭവ വികാസങ്ങളെയും, സ്വന്തം കഴിവനുസരിച്ച് വീക്ഷിക്കാൻ (കാണാൻ), കഴിവുണ്ടെങ്കിൽ, ഏതൊരുവനും സാധിക്കും.

"പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;" (ഉല്പത്തി 1:14, സത്യവേദപുസ്തകം)

സ്നേഹം

വ്യക്തമായ ഒരു പൊതു ധാരണയില്ലാത്ത ഒരു തത്വത്തെ ഓരോ വ്യക്തികളും വ്യത്യസ്തമായിട്ടാണ് മനസ്സിലാക്കുന്നത്. സ്നേഹം എന്നത് അതിനൊരുദാഹരണമായി തോന്നുന്നു. കാഴ്ചപ്പാട് ഓരോരുത്തർക്കും ഓരോന്നാണല്ലോ സ്നേഹത്തെക്കുറിച്ച്. 

കൊടുക്കൽ വാങ്ങൽ പ്രക്രിയകൾക്ക് വഴങ്ങുന്ന ഒന്നാണ് സ്നേഹം എന്ന് തോന്നുന്നില്ല. ഒരു സങ്കുചിത വികാരപ്രകടനമായിട്ടും സ്നേഹത്തെ കാണാൻ പറ്റുന്നില്ല. വ്യക്തികൾ തമ്മിലുള്ള മാനസിക സന്തുലിതാവസ്ഥ അവർക്കിടയിലുള്ള സ്നേഹത്തിന്റെ സാന്നിദ്ധ്യത്തെ വെളിവാക്കുന്നു.

മാതാ, പിതാ, ഗുരു, ദൈവം, ...

അദ്വൈദമായ ദൈവീക ബോധം അജ്ഞതയുടെ പ്രേരണയാൽ ഗുരുവിലൂടെ, പിതാവിലുടെ, മാതാവിൽ നിന്നും ശരീരം ധരിച്ച് ഇച്ചാനുസരണം കർമ്മങ്ങളിൽ മുഴുകുന്നു.

കർമ്മത്തിലൂടെ മാതൃത്ത്വവും, പിതൃത്വവും, ഗുരുത്വവും  അനുഭവിച്ച്, മോഹങ്ങൾ ക്ഷയിച് ബോധം അദ്വൈതാവസ്ഥയും  (ദൈവാവസ്ഥ, അബോധാവസ്ഥ) അനുഭവിക്കുന്നു... വികാസ-സങ്കോചം / സങ്കോച-വികാസം അനിശ്ചിതമായി തുടരുന്നു... 

ആഴത്തിന്മേൽ ഇരുൾ ഉണ്ടായിരുന്നു

ശ്രദ്ധിക്കപെടാത്തത് അകന്നും മറഞ്ഞും നിൽക്കുന്നു. അകൽച്ച ആഴത്തെയും, മറ ഇരുട്ടിനെയും സൂചിപ്പിക്കുന്നു. മറഞ്ഞിരിക്കുന്നതെന്തൊ അത് അജ്ഞാതമാണ്. അജ്ഞത അന്ധതയാണ്‌. സൃഷ്ടാവിന്റെ അന്ധതയാണ്‌ അല്ലെങ്കിൽ അജ്ഞതയാണ് സൃഷ്ടികർമ്മത്തിന്‌ അടിസ്ഥാനം!
ആഴം അകൽച്ചയേയും (എത്തിപ്പെടാനാവാത്ത), ഇരുട്ട് അറിവില്ലായ്മയേയും (അജ്ഞത) സൂചിപ്പിക്കുന്നു. അജ്ഞാതമായത് (അറിയപ്പെടാത്തത്) അകലെയായിട്ടാണല്ലോ അനുഭവപ്പെടുന്നത്. നിലനിൽപ്പിന്റെ എതോ അവസ്ഥയിൽ അഹംബോധത്തിനാൽ അവഗണിക്കപ്പെട്ടത് അകലങ്ങളിലേക്ക് അല്ലെങ്കിൽ ആഴങ്ങളിലേക്ക് തള്ളപ്പെട്ടതായും, ആഴങ്ങളിലുള്ളതിനെകുറിച്ചുള്ള അജ്ഞത (അറിവില്ലായ്മ) ഇരുട്ടായി അല്ലെങ്കിൽ ഒരു മറയായിട്ടുമാണ് അഹത്തിന് അനുഭവപെടുന്നത്.
"ദൈവം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നത് ആരംഭിച്ചപ്പോൾ - ഭൂമി പാഴായും, ശൂന്യമായും ഇരുന്നിരുന്നു, ആഴത്തിന്മേൽ ഇരുൾ ഉണ്ടായിരുന്നു, ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മേൽ പരിവർത്തിച്ചുക്കൊണ്ടിരുന്നു, ദൈവം പറഞ്ഞു വെളിച്ചം ഉണ്ടാവട്ടെ." (വാക്യം: 1:1 - 1:2, ഉല്പത്തി, സത്യവേദപുസ്തകം). പാഴായും ശൂന്യമായും ഇരിക്കുന്ന ഭൂമി വെറും നാമമാത്രമായിരുന്നു. നാമമാത്രമായ, അരൂപിയായ ഭൂമി നിലനിന്നിരുന്നത് സൃഷ്ടാവിന്റെ ബോധത്തിലാവാനെ തരമുള്ളു.
സൃഷ്ടി എന്നത് ബോധാവസ്ഥയുടെ വ്യതിയാനമാണ്. ആ വ്യതിയാനത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് സ്ഥലകാലബോധം. സ്ഥലകാലബോധം എന്നത് ഒരു തരത്തിലുള്ള വേർതിരിക്കലാണ്. അദ്വൈതാവസ്ഥയിൽ (അബോധാവസ്ഥ) നിന്നും ബോധാവസ്ഥയിലാവുന്ന ആ വേർത്തിരിവ് അല്ലെങ്കിൽ തിരിചറിവ് തന്നെയാണ് അഹം-ഏതൽ (സൃഷ്ടാവ്-സൃഷ്ടി) എന്നീ ബോധ ദ്വയങ്ങൾ.
സ്ഥലകാലബോധം എന്നത് സൃഷ്ടിയിലേയും, സൃഷ്ടാവിലെയും ബോധാവസ്ഥയിലെ വേർതിരിവുകൾ തന്നെയാണ്. സ്ഥലബോധം സൃഷ്ടിയിലുള്ള വേർതിരിവും, കാലബോധം സൃഷ്ടാവിലുള്ള വേർതിരിവും. സ്ഥലബോധത്തിന്റെ വേർതിരിവാണ് രൂപങ്ങളായി അനുഭവപ്പെടുന്നത്. കാലബോധത്തിന്റെ വേർതിരിവാണ് നാമങ്ങളായും അനുഭവപ്പെടുന്നത്.
ദ്വൈതത്തിൽനിന്ന് അദ്വൈതത്തിലേക്കും, അദ്വൈതത്തിൽനിന്ന് ദ്വൈതത്തിലെക്കുമുള്ള ചാക്രികമായ അവസ്ഥാഭേധങ്ങളിലൂടെയാണ് / വികാസ-സങ്കോചങ്ങളിലൂടെയാണ് ബോധം നിലനിൽക്കുന്നത്.

സാക്ഷരത

പെട്രോളിന്റെ (ഇന്ധനത്തിന്റെ) വില കുറഞ്ഞാൽ വാഹനങ്ങളുടെ ഉപയോഗവും, വായു മലിനീകരണവും, ശബ്ദ മലിനീകരണവും ഗതാഗത തടസ്സങ്ങളും അതിനോടനുബന്ധിച്ചുള്ള വാഹനാപകടങ്ങളും ഇപ്പോഴുള്ളതിലും പതിന്മടങ്ങ് വർദ്ധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഒരു പക്ഷത്ത് നിന്ന് മലിനീകരണത്തെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും ആക്രോശിക്കുകയും വിലപിക്കുകയും മറുപക്ഷത്ത് നിന്ന് പെട്രോളു കോരാനും കത്തിക്കാനും വേണ്ടി വെമ്പുകയും ചെയ്യുന്നത് 'സമ്പൂർണ സാക്ഷരത' (എഴുതാനും വായിക്കാനും, പിന്നെ ഞാനീ കാട്ടുന്നത് പോലെ വായിൽ തോന്നിയത് കോതക്ക് പാട്ടെന്നപോലെ അർത്ഥമറിയാതെ പുലമ്പാനുമുള്ള കഴിവ്) മാത്രമെ നേടിയിട്ടുള്ളൂ (അറിവ് നേടിയിട്ടില്ല) എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ്.
പഠിച്ചതും പാടുന്നതും (പറയുന്നതും, പുലമ്പുന്നതും) ചെയ്യുന്നതും തമ്മിലുള്ള അന്തരം!!!

കർത്താവ്

കർമ്മം ചെയ്യുന്നതാരാണ്? ഞാനോ നീയോ അതോ കർത്താവോ? കർത്താവ്, കർമ്മം, ക്രിയ എന്നാണല്ലോ ക്രമം.
ഞാനും നീയുമെല്ലാം കർത്താവിന് കർമ്മം ചെയ്യാനുള്ള വെറും ഉപകരണങ്ങൾ മാത്രമാണെന്ന് തോന്നുന്നു. ആശയ വിനിമയത്തിനുള്ള മാധ്യമങ്ങൾ പോലെ. വ്യക്തികൾ വെറും മാധ്യമങ്ങൾ മാത്രം.
സൂക്ഷ്മാണു മുതൽ മനുഷ്യൻ വരെയുള്ള വ്യത്യസ്ത ആവരണങ്ങളായ തലങ്ങളിലൂടെയുള്ള ആശയ വിനിമയം കർത്താവ് കർത്താവിനോട് തന്നെയാണോ നടത്തുന്നത്?
മാധ്യമത്തിലൂടെയല്ലാതെ ആശയവിനിമയം സാധ്യമാണെന്ന് തോന്നുന്നില്ല. ആശയം എത്ര സങ്കീർണമാണൊ അതേ സങ്കീർണതയുള്ള മാധ്യമവും വിനിമയത്തിനാവശ്യമാണ്. പാട്ട് മാത്രം കേൾക്കാൻ റേഡിയോ മതിയെങ്കിൽ, കാഴ്ച കാണാൻ ടി. വി. വേണം.
അതിസങ്കീർണമായ മനുഷ്യ ശരീരത്തിലുടെ വിനിമയം ചെയ്യപ്പെടുന്ന ആശയം തിർച്ചയായും അതിസങ്കീർണം തന്നെ ആയിരിക്കണം
സങ്കീർണമായ ഒരാശയം വിനിമയം ചെയ്യപ്പെടുന്നതിന് മനുഷ്യനോളം സങ്കീർണമായ ഒരു ശരീരം രൂപമെടുക്കണം. ശരീരം ഒരു മാധ്യമമാണ്. അതിന് വ്യക്തമായ ഒരു ഘടനയുണ്ട്. അത് രൂപമെടുക്കുന്നതിന് തക്കതായ പരിസ്ഥിതി ആവശ്യമാണ്. ആ പരിസ്ഥിതി മനുഷ്യനിൽ തന്നെ സംജാതമാവുകയും ആ പരിസ്ഥിതിക്കിണങ്ങിയ ആശയം കാലത്തെ അതിജീവിക്കുകയും ചെയ്യുകയാണെങ്കിൽ അതു ദ്രവ്യമായും കാലക്രമേണ ഒരു മനുഷ്യബീജവുമായും രൂപാന്തരപ്പെടുന്നു.

വർഗീയത(?)

കമ്മി: വർഗീയത തുലയട്ടെ! മൃഗം: ആരോടാ? കമ്മി: മനുഷ്യരോട് മൃഗം: മനുഷ്യരോ? കമ്മി: ബുദ്ധിയുള്ളവർ എന്ന് അഹങ്കരിക്കുന്നവരുടെ വർഗ്ഗം! മൃഗം: ആ ബ...